Wednesday, February 23, 2011

നീയും ഞാനും

നിര്‍ത്താതെ പെയ്യുന്നൊരു മഴയാണ് നീ
ഞാനാകട്ടെ തല കുനിച്ച്‌ മഴ കൊള്ളുന്നൊരു ഇലയും
ഓരോ മഴത്തുള്ളിയും ഞരമ്പുകളെ തുള്ളിച്ചു
ആത്മാവില്‍ പരക്കുന്നു!
സങ്കടങ്ങളൊക്കെയും പെരുംമഴയിലലിഞ്ഞു പോകുന്നു......
ഇനിയൊരുവേള ഞെട്ടറ്റു വീണാലും
കരയില്ല ഞാന്‍;
പിന്നെയും ഞാനൊഴുകി നീങ്ങുന്നതു,
നിന്നിലൂടാണല്ലോ!!
നമുക്കൊരുമിചൊരു
കടല്‍ തേടുകയുമാവാം.

Monday, January 10, 2011

നെറ്റിയിലെ ഒരുമ്മ

ഒരു പെണ്ണിനെ അറിയുന്നതെപ്പോഴും

നെറ്റിയില് തുടങ്ങുന്ന ഒരു ഉമ്മയിലൂടെ ആയിരിക്കണം

ഇനി നിനക്ക് ഞാനുണ്ടെന്നു ഉമ്മ പറയണം

കൈകള് ചിത്ര ശലഭങ്ങള് ആകുന്നതിനു മുന്പ്

ഒരു ഹൃദയ മിടുപ്പിന്റെ ദൂരം പോലും ഇല്ലാതാകുന്നതിനും മുന്പ്

നെറ്റിയിലെ ഉമ്മയിലൂടെ അവളെ സ്വന്തമാക്കണം

പെണണറിവ് പൂര്ണ്ണമാകുന്നതും നെറ്റിയിലെ ഉമ്മയിലാകണം

ഇനി നീ ഞാന് തന്നെയെന്നു പറയുന്ന ഒരുമ്മ

Tuesday, February 9, 2010

കാറ്റ് കാർമേഘത്തോട് ക്ഷമ ചോദിക്കും പോലെയായിരുന്നു അത്!
കാറ്റെത്തുമ്പോഴേക്കും മേഘം മഴയായി തീർന്നിരുന്നു!
മഴ കടലാഴങ്ങളിലേക്കു അലിഞുപോയിരുന്നു!
ഇനിയൊരിക്കലും പിരിയില്ലെന്നപോലെ-
നെറുകയിലൊരു ഉമ്മയായി വാക്കുപറഞിരുന്നു!
എങ്കിലും കാറ്റ് ക്ഷമ പറഞു
ഒരു മാത്ര വൈകിയെതിയതിന്
വിരൽക്കൂട്ട് നൽകി ലോകം കാണിക്കാമെന്നു പറഞതിന്
ഇടക്കിടെ മുടിയിഴകൾ മാടിയൊതുക്കാമെന്നു പറഞതിന്
മേഘം കേൾക്കുന്നില്ലെങ്കിലും കാറ്റ് കാറ്റുപൊലെ പറഞിരുന്നു
മഴയാകട്ടെ ഇനിയൊരിക്കലും കാറ്റെടുത്ത മേഘമാവില്ലെന്നുറപ്പിച്ച് കടലാഴങ്ങളിലേക്കു ഊളിയിട്ടു!